ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശം സമർപ്പിക്കുന്നതിന് തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 22 ട്രേഡ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.
ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപകരിക്കുന്നതിലേക്ക് ആവശ്യമായ പ്രായോഗിക നിർദേശം സമർപ്പിക്കുകയാണ് കമ്മിറ്റിയുടെ ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായവ പരിഗണിക്കുകയും ചെയ്തശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽനിന്ന് കൊണ്ട് ലേബർ കോഡിന്റെ ആഘാതം കുറച്ച് തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം രൂപീകരിക്കുന്ന ലേബർ ചട്ടങ്ങൾ രാജ്യത്തിന് മാതൃകയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിർണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. പരിധി കുറയ്ക്കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കാൻ തീരുമാനിച്ചു. തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
ലേബർ കോഡ് നടപ്പാക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. 2021ൽ തയ്യാറാക്കിയ ഡ്രാഫ്റ്റിൽ ആവശ്യമായ ഭേദഗതി നിർദേശിക്കുന്നതിന് തൊഴിലാളി യൂണിയനുകൾക്ക് അവസരം നൽകും. പ്രത്യേക കമ്മിറ്റി തയ്യാറാക്കുന്ന കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂണിയനുകൾക്കും കൈമാറും. കൂടാതെ കമ്മിറ്റിയുടെ സിറ്റിങ്ങുകളിൽ നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിന് മറ്റ് ട്രേഡ് യൂണിയനുകൾക്കും അവസരമുണ്ടാകും.
തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന കാര്യത്തിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ ട്രേഡ് യൂണിയനുകളും പൊതുവായ നിലപാടാണ് സ്വീകരിച്ചത്. പ്രത്യേക സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ലേബർ കോഡുകളുടെ അന്തിമ ചട്ടങ്ങൾ സംസ്ഥാനം തയാറാക്കി പ്രസിദ്ധീകരിക്കുക.
*എന്താണ് ഈ പറയുന്ന ലേബർ കോഡ് എന്നറിയാം*
കേരളത്തിൽ ലേബർ കോഡുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.
കേന്ദ്ര സർക്കാർ നിലവിലുള്ള 29 പ്രധാന തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് 4 പുതിയ ലേബർ കോഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ചട്ടങ്ങൾ (Rules) രൂപീകരിക്കേണ്ട ചുമതല കേരളത്തിനുമുണ്ട്.
വേതന കോഡ് (Code on Wages, 2019):
എല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് കുറഞ്ഞ വേതനവും സമയബന്ധിതമായി ശമ്പളവും ഉറപ്പാക്കുന്നു.
ലിംഗഭേദമന്യേ തുല്യ ജോലിക്ക് തുല്യ വേതനം വ്യവസ്ഥ ചെയ്യുന്നു.
വ്യവസായ ബന്ധ കോഡ് (Industrial Relations Code, 2020):
തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും ട്രേഡ് യൂണിയൻ രജിസ്ട്രേഷനും വ്യവസ്ഥകൾ നൽകുന്നു.
പണിമുടക്ക് നടത്തുന്നതിന് മുൻപ് നോട്ടീസ് നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
സാമൂഹിക സുരക്ഷാ കോഡ് (Code on Social Security, 2020):
സംഘടിത മേഖലയിലുള്ളവർക്ക് പുറമേ, ഗിഗ് തൊഴിലാളികൾ (Gig Workers), പ്ലാറ്റ്‌ഫോം തൊഴിലാളികൾ, അസംഘടിത മേഖലയിലുള്ളവർ എന്നിവർക്കും ഇ.എസ്.ഐ (ESI), പി.എഫ് (PF) തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.
തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ കോഡ് (OSH Code, 2020):
ജോലിസ്ഥലത്തെ സുരക്ഷിതത്വവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കുന്നു.
വനിതകൾക്ക് അവരുടെ സമ്മതത്തോടെയും ആവശ്യമായ സുരക്ഷാ മുൻകരുതലുകളോടെയും രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നു.
കേരളത്തിലെ നിലവിലെ സ്ഥിതി
ചട്ട രൂപീകരണം (Draft Rules): കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായി കേരള സർക്കാർ സംസ്ഥാന തലത്തിലുള്ള കരട് ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
ട്രേഡ് യൂണിയനുകളുടെ ആശങ്ക: ജോലി സമയം വർദ്ധിപ്പിക്കൽ, ലേ ഓഫ് (Lay-off) നിബന്ധനകളിലെ ഇളവുകൾ തുടങ്ങിയവ തൊഴിലാളി വിരുദ്ധമാണെന്ന ആശങ്കയിൽ ട്രേഡ് യൂണിയനുകൾ ചില വ്യവസ്ഥകളെ എതിർക്കുന്നുണ്ട്.
നടപ്പാക്കൽ: കേന്ദ്ര സർക്കാരിന്റെ പൂർണ്ണമായ വിജ്ഞാപനവും സംസ്ഥാന ചട്ടങ്ങളുടെ അന്തിമ അംഗീകാരവും വരുന്ന മുറയ്ക്കാണ് ഇവ പൂർണ്ണമായി നിലവിൽ വരുന്നത്.
Labor Code: Kerala's report within 10 days. What is the Labor Code?























